മുംബൈ: നവദമ്പതിമാരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ താപ്തി നദിയിൽ നിന്നാണ് ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കാലുകൾ പരസ്പരം ബന്ധിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ജൽഗാവ് ജില്ല സ്വദേശികളായ ഇരുവരും ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ദമ്പതികളുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും പൊലിസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലിസ് പരിശോധിക്കുന്നുണ്ട്.